കൊച്ചി: ‘ജിഹാദ് വിമര്‍ശനവും യാഥാര്‍ഥ്യവും’ എന്ന പ്രമേയത്തില്‍ സമസ്ത ഏകോപനസമിതി സംഘടിപ്പിക്കുന്ന സമസ്ത ബോധനയത്‌നം ത്രൈമാസ കാംപയിന് കൊച്ചിയില്‍ തുടക്കം. എറണാകുളത്ത് നടന്ന സംസ്ഥാന തല ഉദ്ഘാടനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉത്തരവാദപ്പെട്ടവര്‍ പ്രസ്താവന ഇറക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രയാസുമുണ്ടാക്കുന്നതാകരുതെന്നും മതവികാരം ഇളക്കി വിടുകയോ മതത്തെ ആക്ഷേപിക്കുകയോ ചെയ്യരുതെന്നും കാംപയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജിഫ്രി മുത്തു കോയ തങ്ങള്‍ പറഞ്ഞു.

നിര്‍ബന്ധമായി ഇസ്‌ലാമിലേക്ക് ആരേയും ക്ഷണിച്ച ചരിത്രമില്ല.ഇസ്‌ലാമിലെ ജീവിത മാതൃക കൊണ്ടാണ് പലരും ആകര്‍ഷിക്കപ്പെടുന്നത്. അല്ലാതെ തോക്കുകൊണ്ടോ വാളുകൊണ്ടോ അല്ല ഇസ്‌ലാം പ്രചരിച്ചത്. ലൗജിഹാദോ നാര്‍ക്കോട്ടിക്ക് ജിഹാദോ ഇസ്‌ലാമിലില്ല. ഇസ്‌ലാം അനുവദിക്കാത്ത ഒന്ന് ഉപയോഗിച്ച് ഇസ്‌ലാമിലേക്ക് ആളെ ചേര്‍ക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.എല്ലാ മതത്തിന്റേയും ഉത്തരവാദപ്പെട്ടവര്‍ മറ്റുള്ള സമുദായത്തെ വേദനിപ്പിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. മറ്റുമതങ്ങളെ ബഹുമാനിക്കാന്‍ പഠിപ്പിച്ച മതമാണ് ഇസ്‌ലാം

മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ എല്ലാവരും കൂടി ചേര്‍ന്ന് തയ്യാറാകണം. രാജ്യത്തിന്റെ നന്‍മ നശിപ്പിക്കുന്ന ഒരു പ്രസ്താനവയും ആരുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിന്റെ സന്ദേശം വന്നെത്തിയ സ്ഥലമാണ് കേരളമെന്നും. ഇവിടെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരുംതോളോട് തോള്‍ ചേര്‍ന്നാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ച് വന്നതെന്നും ഇന്ത്യയില്‍ നാം പുലര്‍ത്തിപ്പോന്ന മതസൗഹാര്‍ദ്ദം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മതവിഭാഗങ്ങളും പരസ്പരം സൗഹാര്‍ദ്ദത്തോടെ ജീവിക്കുക എന്ന തത്വം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് ആലുവ ശിവഗിരി മഠത്തിലെ സ്വാമി ആസ്പര്‍ശാനന്ദ ആവശ്യപ്പെട്ടു. മതപരമായ രീതിയില്‍ മനുഷ്യനെ സംസ്‌കരിച്ച് സംരക്ഷിക്കുകയാണ് ധര്‍മസംഹിതകളുടെ ലക്ഷ്യം. ഹിന്ദു ധര്‍മം എന്നത് മാനവ ധര്‍മം എന്നാണ്. വാസ്തവത്തില്‍ മതങ്ങള്‍ തമ്മില്‍ ഭേദങ്ങളില്ല. ആരാധനയിലുള്ള ചില വ്യത്യാസം ഉണ്ടെങ്കിലും എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് പ്രയാണം ചെയ്യുന്നത്. യഥാര്‍ഥ മതവിശ്വാസികള്‍ മയക്കുമരുന്നിനും മദ്യത്തിനും കലാപത്തിനും അടിപ്പെടില്ലെന്നും സ്വാമി വ്യക്തമാക്കി. നമ്മള്‍ ഒന്നാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍ നാം മറക്കുമ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നതെന്ന് കെസിബിസി മുന്‍ വക്താവും ലൈറ്റ് ഓഫ് ട്രൂത്ത് എഡിറ്ററുമായ ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.