കോഴിക്കോട് | പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശങ്ങളില്‍ സമുദായത്തിന്റെ നിലപാട് സമചിത്തതയോടെ സുവ്യക്തമായി പ്രഖ്യാപിച്ച മുസ്ലിം നേതാക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമാണ് കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചത്. പാലാ വിവാദമുണ്ടായി ആദ്യമായാണ് ഇരുനേതാക്കളും മുസ്ലിം സമുദായത്തിന്റെ നിലപാട് പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും അടക്കമുള്ള സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുകരണീയ നിലപാടില്‍ ഇരുവരെയും മുക്തകണ്ഠം പ്രശംസിച്ചു.