കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മുസ്ളിം സംഘടനകളുടെ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന പടുകൂറ്റൻ റാലിയിൽ ലക്ഷങ്ങൾ അണിനിരന്നത്. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിന്നും ആരംഭിച്ച റാലിയിൽ വിവിധയിടങ്ങളിൽ നിന്നുള്ള പ്രവർത്തകർ കുത്തൊഴുക്കായി ചേർന്നപ്പോൾ മറൈൻഡ്രൈവ് പ്രതിഷേധക്കടലായി.മറൈൻ ഡ്രൈവിൽ പൊതുസമ്മേളനം തീരാറായപ്പോഴും കലൂർ സ്‌റ്റേഡിയത്തിൽ പതിനായിരങ്ങൾ റാലിയിൽ അണി ചേരാൻ കാത്തുനിൽക്കുകയായിരുന്നു.

കലൂർ സ്റ്റേഡിയത്തിലെ തിരക്കറിഞ്ഞ് തെക്കുഭാഗത്ത് നിന്ന് വന്നവർ രാജേന്ദ്രമൈതാനം വഴിയും പ്രകടനമായെത്തി.അഞ്ചു മണിയോടെ നഗരത്തിന്റെ നാലുഭാഗത്തു നിന്നും മറൈൻഡ്രൈവിലേക്ക് റാലികളായി. പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.സമര പ്രഖ്യാപന കൺവെൻഷൻ മുസ്ളീം ലീഗ് സംസസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരെ തുരത്തിയ അതേ മനസോടെ ഫാസിസത്തെ തുരത്താൻ കേരള ജനത ഒന്നടങ്കം രംഗത്തിറങ്ങണമെന്ന് ഹൈദരലി തങ്ങൾ ആഹ്വാനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ ടി.എച്ച് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ,കുഞ്ഞാലിക്കുട്ടി എം.പി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം.പി,ജനറൽ കൺവീനർ വി.കെ. ഇബ്രാഹിംകുഞ്ഞ്, ഡോ. സെബാസ്റ്റ്യൻപോൾ, മുംബയ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബി.ജി കോൾസെ പാട്ടീൽ, ദളിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി തുടങ്ങിയവർ പ്രസംഗിച്ചു.