ചരിത്രമുറങ്ങുന്ന ചേരമാന്‍ ജുമാ മസ്ജിദിന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള നിര്‍മാണവും ചേരമാന്‍ ജുമാ മസ്ജിദ് ഭൂഗര്‍ഭ പള്ളിയാക്കി മാറ്റുന്നതിന്റെ ജോലികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മുസിരിസ് പൈതൃക പദ്ധതിയുടെ അവിഭാജ്യ ഘടകമായ മസ്ജിദില്‍ 1974 ന് ശേഷം കൂട്ടിച്ചേര്‍ത്തിട്ടുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുകയും പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുന:സ്ഥാപിക്കുകയും നമസ്കാര സൗകര്യം വര്‍ധിപ്പിക്കുന്നതിനു ഭൂമിക്കടിയില്‍ വിശാലമായ സൗകര്യം ഏര്‍പ്പെടുത്തുകയാണു പദ്ധതിയാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
25 കോടി രൂപ ചെലവില്‍ രണ്ടു നിലകളിലായാണു പള്ളി പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഭൂഗര്‍ഭ പള്ളിയില്‍ 2500 പേര്‍ക്കും മുകള്‍ ഭാഗത്തു 2500 പേര്‍ക്കും നമസ്കാര സൗകര്യം ഒരുക്കിയിരിക്കുന്നത്. പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങളുടെ കൂട്ടി ചേര്‍ക്കലിനു 1.18 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഏറെ താമസിയാതെ പഴയപള്ളി പ്രാര്‍ഥനയ്ക്കായി തുറന്നു നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നു പള്ളി കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ്, അഡ്മിനിസ്ട്രേറ്റര്‍ ഇ.ബി. ഫൈസല്‍ എന്നിവര്‍ പറഞ്ഞു.
പള്ളിയുടെ പൗരാണിക തനിമ തിരിച്ചു കൊണ്ടുവരണമെന്ന ചരിത്രപരമായ തീരുമാനം 2011 ല്‍ കൂടിയ മഹല്ല് പൊതുയോഗമാണ് എടുത്തത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ വകുപ്പുകളുടെ അനുമതികള്‍ക്കും കെട്ടിട നിര്‍മാണം ആസൂത്രണം ചെയ്യുന്നതിനും ദീര്‍ഘകാലം വേണ്ടി വന്നു. പൈതൃക മസ്ജിദിന്റെ മേല്‍ക്കൂരയുടെ കൊത്തു പണികള്‍ പൂര്‍ത്തിയായി. തെക്ക് ഭാഗത്തെ ഭൂഗര്‍ഭ മസ്ജിദിന്റെ നിര്‍മാണവും പൂര്‍ത്തിയായി. ആധുനിക സൗകര്യത്തോടെ നാലായിരത്തോളം പേര്‍ക്ക് ഒരേ സമയം പ്രാര്‍ഥനയ്ക്ക് സൗകര്യം ഭൂമിക്കടിയില്‍ ഒരുക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വിശാലവും, അതി വിപുലവുമായ പ്രഥമ ഭൂഗര്‍ഭ മസ്ജിദായി ചേരമാന്‍ ജുമാമസ്ജിദ് മാറും. ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളി എന്ന സ്ഥാനം അലങ്കരിക്കുന്ന ചേരമാന്മസ്ജിദിന് ആദ്യ ഭൂഗര്‍ഭ മസ്ജിദ് എന്ന സ്ഥാനവും ഇതോടെ ലഭ്യമാവും.
ഭൂഗര്‍ഭ മസ്ജിദിന്റെ മുകള്‍ ഭാഗത്തിന്റഎ നിര്‍മാണം അതി മനോഹരമായ കേരള വാസ്തുശില്പ മാതൃകയിലുമാണ്. മസ്ജിദിന്റെ അകത്തളങ്ങള്‍ ശീതീകരിച്ചും വിസ്മയ കാഴ്ചയൊരുക്കുന്ന ദീപാലങ്കാരവും സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി.ക്യാമറകള്‍ സ്ഥാപിക്കും.
2005 ല്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം മസ്ജിദ് സന്ദര്‍ശിച്ചതോടെ രാജ്യത്തിനകത്തും പുറത്തും വന്‍ ശ്രദ്ധനേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശിച്ചപ്പോള്‍ ചേരമാന്‍ മസ്ജിദിന്റെ സ്വര്‍ണ നിറത്തിലുള്ള ചെറു രൂപമാണ് സല്മാന് രാജാവിനു രാജ്യത്തിന്റെ ഉപഹാരമായി നല്‍കിയത്.ഇതോടെ ചേരമാന്ജൂമാമസ്ജിദ് ലോക ശ്രദ്ധയില്‍ ഇടം നേടി. ചേരമാന്‍ മസ്ജിദിന്റെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്ന മ്യൂസിയം നിത്യവും രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിത്യവും മസ്ജിദ് സന്ദര്‍ശിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് മസ്ജിദിന്റെ ചരിത്ര മനസിലാക്കുന്നതിന് സഹായകരമാണ്.

Recent Comments