ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോട്ടെ മാലിക് ഇബ്നു ദീനാര്‍ മസ്ജിദ് ഉത്തരമലബാറിലെ അത്യുന്നതമായ മുസ്ലിം തീര്‍ഥാടനകേന്ദ്രമാണ്. കേരളത്തില്‍ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നാണിത്. 1400 വര്‍ഷത്തിലേറെ പഴക്കം. കാലങ്ങളെ വെല്ലുന്ന വാസ്തുശില്പ മികവ്. ചരിത്രം ഒളിഞ്ഞിരിക്കുന്ന ഈ പള്ളിയുടെ വിശുദ്ധിതേടി എത്രയെത്ര വിശ്വാസികളാണ് ദിനംപ്രതി എത്തുന്നത്. അവരില്‍ വിദേശികളും ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള മറുനാട്ടുകാരുമുണ്ട്. പല നാടുകളില്‍നിന്നുള്ള മലയാളികളും പുണ്യംതേടി ഇവിടെയെത്തുന്നു.
ചരിത്രാന്വേഷകരുടെ ഇഷ്ടകേന്ദ്രമാണിത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ തളങ്കരയില്‍ ചന്ദ്രഗിരിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഈ ആരാധനാലയം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിലപ്പെട്ട അനുഭവമാണ് പകര്ന്നുനല്കുന്നത്. അറേബ്യയില്‍നിന്ന് കപ്പല്‍ കയറിവന്ന മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമായി പത്ത് പള്ളികള്‍ പണിതുയര്‍ത്തി. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദാണ് മാലിക് ഇബ്നു ദീനാര്‍ പണിത പ്രഥമ ദേവാലയം. എട്ടാമത്തെ പള്ളിയാണ് കാസര്‍കോട്ടേത്. സത്യസന്ധരും സത്സ്വഭാവികളുമായ മാലിക് ഇബ്നു ദീനാറിനെയും സംഘത്തെയും കേരളത്തിലെ ഭരണാധികാരികള്‍ സ്നേഹാദരങ്ങളോടെയാണ് വരവേറ്റത്. മതപ്രബോധനത്തിനും പള്ളി നിര്‍മാണത്തിനും അവര്‍ക്ക് അനുമതിയും പിന്തുണയും ലഭിച്ചു. ധാര്‍മികബോധമുള്ള അവരുടെ ജീവിതരീതിയില്‍ പ്രചോദിതരായി ഒട്ടേറെ പേര് ഇസ്ലാംമതത്തെ ആശ്ലേഷിച്ചു. കേരളത്തില്‍ ഇസ്ലാം വേരാഴ്ത്തുന്നതിലും പടര്‍ന്നുപന്തലിക്കുന്നതിലും മാലിക് ഇബ്നു ദീനാറും സംഘവും വലിയ പങ്കുവഹിച്ചു. കൊടുങ്ങല്ലൂരിനും കാസര്‍കോടിനും പുറമെ കൊല്ലം, ചാലിയം, പന്തലായിനി, ധര്‍മടം, ശ്രീകണ്ഠപുരം, ഏഴിമല, മംഗളൂരു, ബാര്‍കൂര്‍ (തെക്കന്‍ കര്‍ണാടക) എന്നിവിടങ്ങളിലും അവര്‍ പള്ളികള്‍ പണിതു.
പ്രവാചകന്റെ കാലത്തുതന്നെയാണ് മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തില്‍ വന്നതെന്നും അതല്ല പില്ക്കാലത്താണ് അവര്‍ ഇവിടെയെത്തിയതെന്നുമുള്ള അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എ.ഡി. 644 (ഹിജ്റ-22)ലാണ് കാസര്‍കോട്ടെ പള്ളി പണിതതെന്നാണ് പ്രബലമായ ഒരഭിപ്രായം. അറേബ്യയില്‍നിന്ന് പത്ത് വെണ്ണക്കല്ലുകള്‍ അവര്‍ കൊണ്ടുവന്നിരുന്നു. അവ ഒന്നുവീതം പത്തു പള്ളിയുടെയും ശിലാസ്ഥാപനത്തിനുപയോഗിച്ചു. കൊടുങ്ങല്ലൂരിലെ പള്ളിയുടെ സമാനരീതിയിലാണ് കാസര്‍കോട്ടെ മസ്ജിദും പടുത്തുയര്‍ത്തിയത്. ഇന്നു കാണുന്ന മാലിക് ഇബ്നു ദീനാര്‍ പള്ളി പലകാലങ്ങളിലായി പുനര്‍നിര്‍മിച്ചതാണ്. അതിന്റെ ഏറ്റവും അകത്തെ ഭാഗത്താണ് മാലിക് ഇബ്നു ദീനാറും സംഘവും നിര്‍മിച്ച പള്ളി നിലകൊണ്ടത്. മണ്ണും കല്ലും മരവും കൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ഓലമേഞ്ഞതായിരുന്നുവെന്ന് പഴയ രേഖകള്‍ വ്യക്തമാക്കുന്നു.
എ.ഡി. 1845 (ഹിജ്റ 1223)ലാണ് മാലിക് ഇബ്നു ദീനാര്‍ പള്ളിയുടെ പ്രധാന പുനരുദ്ധാരണം നടന്നത്. കറുപ്പഴകില്‍ തിളങ്ങുന്ന മരങ്ങളില്‍ അതിസൂക്ഷ്മമായി കൊത്തിയുണ്ടാക്കിയ കൊച്ചുപുഷ്പങ്ങളും വള്ളികളും ഇലകളും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വാസ്തുശില്പമികവാണ് വരച്ചുകാട്ടുന്നത്. പള്ളിയുടെ അകത്തേക്കും പുറത്തേക്കും പോകാന്‍ അടുത്തടുത്തായി നിലകൊള്ളുന്ന ഒട്ടേറെ വാതില്‍പ്പടികളുണ്ട്. മരത്തില്‍ തീര്‍ത്ത വാതിലുകളും ജനലുകളും പ്രസംഗപീഠവും (മിമ്പര്‍) എല്ലാം പഴയകാല വാസ്തുസൗന്ദര്യത്തിന്റെ വിലപ്പെട്ട അടയാളങ്ങളാണ്. പ്രധാന വാതില്‍പ്പടിയില്‍ കൊത്തിവെച്ച അറബിലിഖിതം പള്ളിയുടെ ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടുന്നു… ”ഇത് മാലിക് ഇബ്നു ദീനാര്‍ പള്ളിയാണ്.
അറേബ്യയില്‍നിന്നുള്ള ഒരു സംഘം ഇസ്ലാം പ്രചരിപ്പിക്കുന്നതിനും പള്ളിനിര്‍മാണത്തിനുമായി ഇന്ത്യയില്‍ വന്നു. ശറഫുബ്നു മാലിക്, മാലിക് ഇബ്നു ദീനാര്‍, സഹോദരപുത്രന് മാലിക് ഇബ്നു ഹബീബിബ്നു മാലിക് തുടങ്ങിയവരാണവര്‍. കാസര്‍കോട് എന്ന പ്രദേശത്ത് അവരെത്തുകയും ഹിജ്റ 22 റജബ് മാസം 13 തിങ്കളാഴ്ച അവിടെ ഒരു ജുമാമസ്ജിദ് സ്ഥാപിക്കുകയും മാലിക് ഇബ്നു അഹമ്മദ്ബ്നു മാലിക് എന്നുപേരായ തന്റെ മകനെ അവിടെ ഖാസിയായി നിയമിക്കുകയും ചെയ്തു. പിന്നീട് ഹിജ്റ 1223-ല്‍ ഈ പ്രദേശവാസികളുടെ ചെലവില്‍ പഴയപള്ളി പുനര്‍നിര്‍മിച്ചു.” വാതില്‍പ്പടിയിലെ അറബിലിഖിതത്തിന്റെ ഉള്ളടക്കം ഇതാണ്. കേരളത്തിലെ മുസ്ലിം ചരിത്രത്തിലും ഈ രേഖാവിന്യാസത്തിനു വിലപ്പെട്ട സ്ഥാനമുണ്ട്. മാലിക് ഇബ്നു ദീനാറും സംഘവും പടുത്തുയര്‍ത്തിയ മസ്ജിദുകളില്‍ ഇന്നും മികവുറ്റരീതിയില്‍ സംരക്ഷിക്കപ്പെടുന്നുവെന്നതും കാസര്‍കോട്ടെ പള്ളിയുടെ സവിശേഷതയാണ്. പള്ളിയോടു ചേര്‍ന്നുള്ള മഖ്ബറയില് പ്രാര്‍ഥിക്കാനും മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടത്തുന്ന ഉറൂസില്‍ പങ്കുചേരാനും നൂറുകണക്കിനു വിശ്വാസികളാണ് മസ്ജിദിലേക്കൊഴുകിയെത്തുന്നത്. പുണ്യമഖ്ബറയില് പ്രാര്‍ഥിക്കാം കേരളത്തിലെ ഏറ്റവും പ്രശസ്തമായ മഖ്ബറകളിലൊന്നാണ് കാസര്‍കോട്ടുള്ളത്. മാലിക് ഇബ്നു ദീനാര്‍ മസ്ജിദിനോടുചേര്‍ന്ന ഈ മഖ്ബറയില് അന്തിയുറങ്ങുന്നത് ആരാണ്? അക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്ക്കുന്നു. കാസര്‍കോട്ടെ പ്രഥമ ഖാസി മാലിക് ഇബ്നു മുഹമ്മദാണ് അതെന്നാണ് ഒരു വിഭാഗം കരുതുന്നത്. പ്രഥമ ഖാസിയുടെ പിതാവ് മുഹമ്മദ് ഇബ്നു മാലിക്കാണ് മഖ്ബറയിലുള്ളതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. അതല്ല, മാലിക് ഇബ്നു ദീനാര്‍ തന്നെയാണ് ഇവിടെ അന്തിയുറങ്ങുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മാലിക് ഇബ്നു ദീനാര്‍ ഖുറാസാനിലാണ് അന്തരിച്ചതെന്നും അവിടെത്തന്നെയാണ് ഖബറടക്കിയതെന്നും മലയാളത്തിലെ പ്രഥമ ചരിത്രഗ്രന്ഥമായി കരുതപ്പെടുന്ന ഷെയ്ഖ് സൈനുദ്ദീന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പറയുന്നു. മാലിക് ഇബ്നു ദീനാറിന്റെ സംഘത്തില്‍പ്പെട്ട മാലിക് ദീനാര്‍ ആണ് മഖ്ബറയില് അന്തിയുറങ്ങുന്നതെന്നതാണ് പ്രബലമായ വിശ്വാസമെന്ന് പള്ളിയിലെ ഖത്തീബായ അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു. അതെന്തായാലും, മാലിക് ഇബ്നു ദീനാറിന്റെ കാലത്തെ മഹാനായ പണ്ഡിതന്റെ മഖ്ബറയാണ് പള്ളിയോടുചേര്ന്നുള്ളതെന്നാണ് പൊതുവായ വിശ്വാസം. ഈ പുണ്യമഖ്ബറ സന്ദര്‍ശിക്കാനും ഇവിടെ പ്രാര്‍ഥനനടത്താനും നിരവധി പേരാണ് വിദൂരങ്ങളില്‍നിന്നുവരെ എത്തുന്നത്. ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും ലക്ഷ്യങ്ങള്‍ സഫലീകരിക്കാനും മഖ്ബറയിലെ പ്രാര്‍ഥന വഴിയൊരുക്കുന്നുവെന്നാണ് വിശ്വാസം. പള്ളിയുടെ വിശുദ്ധിയും മഖ്ബറയുടെ പുണ്യവും വിശ്വാസികള്‍ക്ക് അതുല്യമായ ആത്മീയാനുഭവമായി മാറുന്നു. ആഘോഷമായി ഉറൂസ് മാലിക് ഇബ്നു ദീനാര്‍ മസ്ജിദില്‍ മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് ഉറൂസ് നടക്കുന്നത്. ഉത്തര മലബാറിലെ ഏറ്റവും വലിയ ഉറൂസുകളിലൊന്നാണിത്. പള്ളി വിപുലീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അഞ്ചുവര്‍ഷത്തിന്റെ ഇടവേളയ്ക്കുശേഷമാണ് ഇക്കുറി ഉറൂസ് എത്തുന്നത്. 2017 നവംബര്‍ രണ്ടുമുതല്‍ 11 വരെ നടക്കുന്ന ഉറൂസില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷ. ഉറൂസിനു മുന്നോടിയായി ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ രണ്ടുവരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മതപ്രഭാഷണങ്ങള്‍ നടക്കും. പ്രമുഖ മതപണ്ഡിതന്മാരാണ് പ്രഭാഷണം നടത്തുക. തുടര്‍ന്ന് നടക്കുന്ന ഉറൂസിന്റെ ഭാഗമായി ദിഖ്ര്‍-ദുആ സദസ്സും ഖബര്‍ സിയാറത്തും സെമിനാറുകളും പ്രവാസിസംഗമവുമെല്ലാം നടക്കും. നവംബര്‍ 12-ന് മഹാഅന്നദാനത്തോടെ ഉറൂസ് സമാപിക്കും. മൂന്നാണ്ടില്‍ ഒരിക്കല്‍ മാത്രം വിരുന്നെത്തുന്ന ഉത്തരമലബാറിലെ അപൂര്‍വമായ ഉറൂസില്‍ പങ്കെടുക്കാനുള്ള സുവര്‍ണാവസരമാണ് ഇക്കുറി വിശ്വാസികള്‍ക്ക് കൈവരുന്നത്.
Recent Comments