കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു മുസ്ളീം തീര്‍ത്ഥാടന കേന്ദ്രമാണ് ബീമാപള്ളി എന്ന ജുമാ മസ്ജിദ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ തെക്കു പടിഞ്ഞാറേക്കു മാറി അറബിക്കടല്‍ തീരത്തോടു ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ പേരില്‍ തന്നെയാണ് ദേശവും അറിയപ്പെടുന്നത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മത പ്രചാരണത്തിനു എത്തിയതാണത്രേ അറേബ്യയില്‍ ജനിച്ച സയ്യിദുന്നിസ ബീമാബീവിയും പുത്രന്‍ മാഹിന്‍ അബൂബേക്കറും. കേരളത്തിലെത്തി തിരുവനന്തപുരത്തു താമസമാക്കിയ ബീവിയും പുത്രനും മാറാവ്യാധികളും മറ്റും പിടിപെട്ട നാട്ടുകാരെ ചികിത്സിച്ചു സൗഖ്യപ്പെടുത്തുകയും കഷ്ടപ്പെടുന്നവര്‍ക്കു സഹായമരുളുകയും ചെയ്തു. രണ്ടു പേരുടെയും ദിവ്യശക്തിയില്‍ ജനങ്ങള്‍ ഏറെ വിശ്വസിച്ചു. അങ്ങനെയിരിക്കെ ഒരു നാള്‍ പുത്രന്‍ മാഹീന്‍ അകാലത്തില്‍ ചരമം പ്രാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഖബറടക്കം ഇവിടെത്തന്നെ നടത്തപ്പെട്ടു. അധികം നാള്‍ കഴിഞ്ഞില്ല പുണ്യവതിയായ ബീവിയും ദൈവസന്നിധിയിലേക്കു യാത്രയായി. ബീമാബീവിയുടെ ഭൗതിക ശരീരം പുത്രന്‍റേതിനു സമീപം ഖബറക്കപ്പെട്ടു. ഈ രണ്ടു ഖബറുകള്‍ സ്ഥിതിചെയ്യുന്നേടത്താണ് ഇന്നു കാണുന്ന ബീമാപള്ളി ദര്‍ഗാ ശരീഫ് നിര്‍മ്മിക്കപ്പെട്ടത്.

ഇന്നേക്ക് അഞ്ഞൂറോളം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ബീമാപള്ളിയുടെ ചൈതന്യം അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മാതാവിന്‍റെയും പുത്രന്റെയും ഖബറുകളുടെ സാന്നിദ്ധ്യം കൊണ്ടാണ്. ബീമാബീവി അന്ത്യയാത്രയായതിന്റെ വാര്‍ഷികമാണ് ബീമാപള്ളിയിലെ ഉറൂസ് എന്ന മഹോത്സവമായി കൊണ്ടാടുന്നത്. പത്തുദിവസം നീണ്ടു നില്‍ക്കുന്ന ചന്ദനക്കുടം ഉത്സവം ജാതിമതചിന്തകള്‍ കൂടാതെയുള്ള വലിയൊരു ജനസഞ്ചയത്തെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.

ഹിജ്റ കലണ്ടറിലെ ജമാദുല്‍ അക്ബര്‍ ഒന്നിനാണ് (മാര്‍ച്ച് – ഏപ്രില്‍) ഉത്സവം തുടങ്ങുന്നത്. നാണയങ്ങള്‍ നിറച്ച മണ്‍കുടങ്ങള്‍ പൂക്കളാല്‍ അലങ്കരിച്ച് ഭക്തര്‍ നേര്‍ച്ചയായി പളളിയില്‍ സമര്‍പ്പിക്കുന്നതാണ് ഒരു ചടങ്ങ്. ഉത്സവനാളുകളില്‍ പണ്ഡിതരുടെ മത പ്രഭാഷണങ്ങള്‍ നടക്കും. പത്തു ദിവസവും അന്നദാനം ഉണ്ടായിരിക്കും. ബീമാപള്ളി ഉറൂസ് മതമൈത്രിയുടെ പ്രതീകമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയ്ക്കു പുറമേയുള്ളവര്‍ കൂടി ഉറൂസില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.