ഇബ്‌റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിനു വഴങ്ങി ജീവിച്ചിരുന്നവരായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചു നില്‍ക്കുന്നവനും അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (സൂറത്ത് അന്നഹ്ല്‍: 120)

ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയാണെന്നു താങ്കള്‍ കണ്ടില്ലേ. അത് നല്ല ഒരു മരം പോലെ. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. (സൂറത്ത് ഇബ്‌റാഹീം 24,25)

നേരറിവിന്റെ ഇലാഹീപാത വിശദീകരിക്കാന്‍ ഏറെ പ്രവാചകര്‍ നിയുക്തരായിട്ടുണ്ട്. പീഡനാനുഭവങ്ങളുടെ സഹനസമര ഭൂമികളാണ് ഓരോ സത്യപ്രബോധകന്റെയും ജീവിതം . പരീക്ഷണങ്ങളുടെ തീച്ചൂളകള്‍ ധര്‍മവ്യാപന ദൗത്യത്തിന്റെ പര്യായങ്ങളായി ചരിത്രത്തില്‍ വായിച്ചെടുക്കാനാവും. പക്ഷേ, ഇബ്‌റാഹീം(അ)നെ പ്പോലെ ഒരാളെ, ഒരു പ്രവാചകനെ കണ്ടെത്താനാവുന്നില്ല. ഒരു ജനത മൊത്തം ചെയ്തു തീര്‍ക്കേണ്ട കര്‍മകാണ്ഢത്തെ ഒരു ജീവിതം കൊണ്ട് സാക്ഷാല്‍ക്കരിച്ചു ഉമ്മത്തായി ഇബ്‌റാഹിം (അ) ചരിത്രത്തില്‍ വേറിട്ട അനുഭവമായിരുന്നു.

‘ഉമ്മത്ത്’ എന്ന പദം ഇബ്‌റാഹീമീ ദൗത്യത്തെയും ജീവിതത്തെയും അതിന്റെ സകല ഭാവങ്ങളോടെയും പ്രകാശിപ്പിക്കുന്നുണ്ട്. പണ്ഡിതന്മാര്‍ ‘ഉമ്മത്ത്’ എന്ന പദത്തിനു വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്. വിസ്മയകരമെന്ന് പറയട്ടെ എല്ലാ വ്യാഖ്യാനങ്ങളും ഇബ്‌റാഹീമീ ജീവിതത്തെ ഒരേപോലെ വെളിപ്പെടുത്തുന്നു. സ്വസമൂഹം മുഴുവന്‍ ഓഫറിന്റെ ആവിഷ്‌കാരങ്ങളില്‍ സമാധാനം കണ്ടെത്തിയപ്പോള്‍ തൗഹീദിന്റെ സ്വരം ജീവിതസമരത്തിന്റെ സമവാക്യമാക്കി മാറ്റി, ധര്‍മ പ്രബോധന വീഥിയിലെ ഒറ്റയാള്‍പ്പോരാളിയായി ആ മഹാ പ്രവാചകന്‍ ചരിത്രത്തെ സ്വന്തം കര്‍മം കൊണ്ടു മാറ്റിയെഴുതി. ഇവിടെ അദ്ദേഹം സ്വയം ചരിത്രമാവുന്നു; സംസ്‌കാരമാവുന്നു. മനുഷ്യ സമൂഹത്തിന്റെ നാളിതുവരെയുള്ള ജീവിതവഴികളില്‍ രൂപപ്പെട്ട എല്ലാ സംസ്‌കാരങ്ങളുടെയും താഴ്‌വേരാകുന്നു.

സമരം, സഹനം, സമര്‍പണം. ഇബ്‌റാഹീമീ ജീവിതത്തെ ഇഴപിരിച്ചെടുക്കുമ്പോള്‍ ഈ ആശയങ്ങളുടെ താളാത്മകമായ ഒരു ഐക്യം അവിടെ കാണാനാവും. വിഗ്രഹാരാധകനായ വളര്‍ത്തുപിതാവിനോട് വിനയത്തോടെ ഇബ്‌റഹീം (അ) ചോദിക്കുന്നു: എന്റുപ്പാ, കേള്‍ക്കാനോ, അങ്ങേക്ക് എന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ എന്തിനാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്.”  (19.42).

യുക്തിഭദ്രമായ ചോദ്യ ശരങ്ങളാല്‍ പൊറുതിമുട്ടിയ പിതാവിന് ആ യുവാവിന്റെ വൈജ്ഞാനിക തൃഷ്ണയെ ശമിപ്പിക്കാനാവുമായിരുന്നില്ല. അയാള്‍ ഇബ്‌റാഹീമിനെ  ഭീഷണിപ്പെടുത്തുന്നു: നിന്നെ ഞാന്‍ എറിഞ്ഞോടിക്കും, എന്നെവിട്ട് എങ്ങോട്ടെങ്കിലും പോ… പിതാവിനോടുള്ള സംവാദത്തിനൊടുവില്‍ സത്യാന്വേഷിയായ ആ യുവാവിന് സ്വന്തം വീട് നഷ്ടമാവുന്നു. 

അന്ധവിശ്വാസത്തിന്റെ ഉപാസകരായ സ്വന്തം നാട്ടുകാരോട് ഇബ്‌റാഹിമീ യുക്തി കലഹിക്കുന്നു. തന്റെ പക്ഷം ചേരാന്‍ ഒരാളുപോലുമില്ലെന്നത് ആളും അര്‍ത്ഥവും ആയുധവും അധികാരവും അപ്പുറത്താണെന്നത് ആ പ്രവാചകനെ ഒട്ടും ചഞ്ചല ചിത്തനാക്കുന്നില്ല. ഒടുവില്‍ അവര്‍ അഗ്നികുണ്ഢമാണു വിധിക്കുന്നത്. തൗഹീദിന്റെ ആദര്‍ശബന്ധത്തെ തീ നാളങ്ങളാല്‍ നശിപ്പിക്കാനാവുമെന്നാണ് അവര്‍ കരുതുന്നത്. പക്ഷേ, ഇവിടെയും ഇബ്രാഹീം ചരിത്രത്തെ  തന്റേതു മാത്രമാക്കി മാറ്റുന്നു. പ്രകൃതി നിയമങ്ങളെന്നു വിശ്വസിക്കുന്നവ പോലും ഇബ്‌റാഹീമീ സമര്‍പണത്തിനു മുമ്പില്‍ നിഷ്പ്രഭമാക്കുന്നു. അഗ്നിക്ക് എങ്ങനെ ആ പ്രവാചകനെ നശിപ്പിക്കാനാവും? സിറാജുല്‍ മുനീര്‍ എന്നു പുണ്യനബി(സ)യെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. ഇബ്‌റാഹീം മറ്റൊരു വിളക്കാവുന്നു. ദൈവിക പ്രകാശം കൊളുത്തിവയ്ക്കപ്പെട്ട വിളക്ക്. നംറൂദിന്റെ തീ നാളങ്ങള്‍ക്കെങ്ങനെ ആ പ്രകാശത്തെ വിഴുങ്ങാനാവും?. ഇവിടെ അഗ്നി തോല്‍ക്കുകയും  ഇബ്രാഹീം അതിജയിക്കുകയും ചെയ്യുന്നു.

”ഞങ്ങളുടെ നാഥാ… എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ.. അവര്‍ നിസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍, നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കണമേ.. അവര്‍ക്ക് ആഹാരമായി കായ്ക്കനികള്‍ നല്‍കണമേ.” (14.33)

പാറക്കുന്നുകള്‍ക്കിടയില്‍ നഗ്നമായി അറേബ്യന്‍ സൂര്യനുമീതെ വന്യമായിക്കിടക്കുന്ന ഈ മലയിടുക്കില്‍, ഇരതേടുന്ന പറവകള്‍ പോലും ഉപേക്ഷിച്ചുപോകുമാറ് കത്തിയാളുന്ന മരുഭൂവില്‍ സകലം തൂത്തുവാരിക്കളഞ്ഞ ഈ മലയിടുക്കില്‍ ഇന്നുപോലും വിവിധ ഭാഷക്കാരും വംശക്കാരും ആയ ആളുകളും തെരുവുകളും വീടുകളുമായി ആ താഴ്‌വര നിറഞ്ഞുകവിഞ്ഞ ഇക്കാലത്ത് പോലും അതിനു ചുറ്റുമുള്ള ചത്ത കുന്നിന്‍ ചെരുവുകളില്‍നിന്ന് മരുഭൂമിയുടെ ഏകാന്തത വിലപിക്കുന്നു. (മക്കയിലേക്കുള്ള പാത- മുഹമ്മദ് അസദ്). ആ മലയിടുക്കില്‍ സ്വന്തം ഭാര്യയെയും പിഞ്ചുപൈതലിനെയും തനിച്ചാക്കി തിരിച്ചുപോയ ഇബ്‌റാഹീം(അ) മിന്റെ പ്രാര്‍ത്ഥനയാണ് മേലുദ്ധരിച്ചത്.
ആ മഹാ പ്രവാചകന്റെ വ്യക്തിത്വം സമ്പൂര്‍ണ ഗരിമയോടെ ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. വിജനമായ ഏകാന്തതയില്‍ സ്വന്തം ചോരപ്പൈതലിനെ ഇട്ടേച്ചുപോയ ഒരു പിതാവിന്റെ വിഹ്വലതയല്ല, ഒരു ചരിത്ര നിര്‍മിതിക്കായി, ഒരു പുതിയ ജനതയുടെയും സംസ്‌കാരത്തിന്റെയും അനിവാര്യമായ രൂപപ്പെടലിനായി ആദ്യത്തെ വിത്തു വിതച്ചുപോയ ഒരു പ്രവാചകനെയാണ് ഈ പ്രാര്‍ത്ഥന കാണിച്ചുതരുന്നത്. അതിലപ്പുറം, വിസ്മൃതമായിക്കിടക്കുന്ന ഒരു മഹാ സ്മാരക മന്ദിരത്തിന്റെ, പൈതൃകത്തിന്റെ  വീണ്ടെടുപ്പ് സാധ്യമാവേണ്ടതുണ്ട്. അതിലൂടെ, നിസ്‌കരിക്കുന്ന ഒരു ജനത ഉയര്‍ന്നു വരേണ്ടതുണ്ട്. ചരിത്രപരമായ ഈ അനിവാര്യതകള്‍ക്കെല്ലാം രക്തമായി, വളമായി മാറേണ്ടതു തന്റെ സമര്‍പ്പണവും സഹനവുമാണെന്ന് ആ പ്രവാചകന്‍ തിരിച്ചറിയുന്നുണ്ട്.
”ജനങ്ങളില്‍ ഹജ്ജ് വിളംബരം ചെയ്യുക. ദൂരെ ദിക്കുകളില്‍നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെ അടുത്ത് വന്നെത്തും.” (22:27).

ആയിരത്താണ്ടു വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് ഇബ്‌റാഹീം(അ) വിളിച്ചു. പ്രാകൃതമായ, ചിരപുരാതനമായ ആ വിളിയാളം ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും. – അവര്‍ താങ്കളുടെ അടുത്ത് വരും എന്നാണ് അല്ലാഹു നല്‍കിയ വാഗ്ദാനം. ഇവിടെ ഇബ്‌റാഹീം(അ) കാലാതിവര്‍ത്തിയായ അനുഭവമാകുന്നു. വര്‍ത്തമാനത്തിന്റെ സൗന്ദര്യമാകുന്നു. ലോകത്തിന്റെ അഷ്ട ദിക്കുകളില്‍നിന്ന് വന്നടുത്ത തീര്‍ത്ഥാടകര്‍, അവര്‍ അനുഭവിക്കുന്നത് ഇബ്‌റാഹീമീ ജീവിതത്തിന്റെ വിവിധ തലങ്ങളാണ്. ഒരു വിശ്വാസി ജീവിതം കൊണ്ട് സാക്ഷാല്‍ക്കരിക്കേണ്ട ചരിത്രാനുഭവമായി മാറുകയാണിവിടെ, ഇബ്‌റാഹീം(അ).

കളപ്പുരകള്‍ നിറയാന്‍ മനുഷ്യക്കുഞ്ഞുങ്ങളുടെ ചോര ആവശ്യപ്പെട്ട ദൈവങ്ങള്‍ക്കുവേണ്ടി, നരബലി നടത്തിയിരുന്ന ഒരു സാമൂഹിക പാശ്ചാത്തലത്തിലാണ് ഇബ്‌റാഹീം(അ) പ്രബോധന ദൗത്യം നിര്‍വഹിച്ചത്. ഈ കിരാതമായ ആചാരം നിര്‍ത്തലാക്കുക കൂടി ഇബ്‌റാഹീമീ ദൗത്യത്തിന്റെ ലക്ഷ്യമായിരുന്നു. അതിന് അല്ലാഹു തെരഞ്ഞെടുത്ത മാര്‍ഗം ഏറെ വിസ്മയകരവും. ഇബ്‌റാഹീം(അ) അറുക്കാന്‍ കിടത്തിയത് ഇസ്മാഈല്‍(അ) നെയാണ്; പക്ഷേ, അറുത്തത് ആടിനെയും. കേവലമൊരു പരീക്ഷണം എന്നതിലപ്പുറം  ചരിത്രപരമായ മാനങ്ങള്‍ ഈ മാറ്റത്തിനുണ്ട്. ഇസ്മാഈലില്‍നിന്നു ആടിലേക്കേുള്ള ദൂരം, നരബലിയില്‍ നിന്നു മൃഗബലിയിലേക്കുള്ള ദൂരമാണ്. അതാവട്ടെ, ഒരു പുതിയ സംസ്‌കാരത്തിന്റെ കടന്നുവരവാണ്. ദൈവത്തിനുള്ള ഉപാസനയായി വിശക്കുന്ന വയറുകള്‍ക്ക് ആഹാരം നല്‍കുക എന്ന ഒരു സാമൂഹിക ധര്‍മം കൂടി ഇവിടെ നിറവേറ്റപ്പെടുന്നു. ബലിമൃഗത്തിന്റെ മാംസമോ രക്തമോ അല്ല, ബലിയറുക്കുന്നവന്റെ ഹൃദയ വിശുദ്ധിയും ദൈവിക ചിന്തയുമാണ് പ്രധാനം എന്ന ദാര്‍ശനികമായ കാഴ്ചപ്പാട് അതുമുന്നോട്ട് വക്കുന്നു.